Saturday, 16 January 2010

അഗ്നിയായി തീരാന്‍ സൂര്യനെ തേടിപോയവള്‍ക്ക്,..................ഹൃദയ പൂര്‍വ്വം ഞാന്‍ ആദിത്യന്‍.

2004 ഏപ്രില്‍ 19 തിങ്കള്‍:

ഔപചാരികതകള്‍ ഇല്ലാതെ തന്നെ ഞാന്‍ തുടങ്ങട്ടെ സൌന്ദര്യ..?
എനിക്ക് നിന്നോട് അസൂയ തോന്നുന്നു.
ഇന്നലെ വിമാന അപകടത്തില്‍ നീ മരണ പെട്ടുവെങ്കിലും എന്‍റെയും, എന്നെ പോലെ നിന്നെ സ്നേഹിക്കുന്ന എത്രയോ പേരുടെ ഹൃദയങ്ങളിലും നീ എപ്പോഴേ മരണമില്ലാത്ത, മറക്കാന്‍ കഴിയാത്ത ഒരു നോവായി മാറിക്കഴിഞ്ഞു.....
നിനക്കറിയുമോ..?
കുഞ്ഞായിരുന്നപ്പോള്‍ അമ്മ നല്‍കിയിരുന്ന ഭക്ഷണത്തോടൊപ്പം അമ്പിളി മാമനെയും,
പിന്നെ അമ്പിളി മാമന് ചുറ്റും വട്ടം കൂടി നില്‍കുന്ന കുഞ്ഞു നക്ഷത്രങ്ങളെയും ചൂണ്ടി കാട്ടി തരുമായിരുന്നു..... - ഒപ്പം ഒരു പിടി കഥകളും
അമ്മ പറയുമായിരുന്നു, " മരിച്ചവരുടെ ആത്മാക്കളാണ് നക്ഷത്രങ്ങളായി പുനര്‍ജ്ജനിക്കുന്നത് എന്ന്". "മോന്‍റെ മരിച്ചു പോയ മുത്തശ്ശനും മുത്തശ്ശിയും ഒക്കെ അങ്ങ് മേലെ ആകാശത്തിന്‍റെ നെറുകയില്‍, ദേ ആ കോണില്‍ നിന്ന് നീല വെട്ടം പൊഴിക്കുന്നത് മോനെ നോക്കി ചിരിക്കുന്നതാണെന്നും, മോന്‍ പാപ്പം കഴിച്ചില്ലെങ്കില്‍ മുത്തശ്ശന്‍ പിണങ്ങും, നാളെ മോനെ കാണാന്‍ വരില്ല" എന്നുമൊക്കെ പറഞ്ഞു എന്നെ ഊട്ടി ഉറക്കുമായിരുന്നു.
അങ്ങനെ എന്നെ നോക്കി കണ്ണ് ചിമ്മിയ ആ നക്ഷത്രങ്ങളെ കൊതിയോടെ ഒരു സ്വപ്നത്തിന്റെ കണ്ണിലൊളിപ്പിച്ചു മാനം നോക്കി നെടുവീര്‍പ്പിട്ടിരുന്ന ഞാന്‍ ആ കാലത്തില്‍ നിന്നും മുന്നോട്ടോടി ഇന്നെത്രയോ വളര്‍ന്നിരിക്കുന്നു അല്ലെ..?

ആത്മാവ് പുനര്‍ജനിക്കുന്നത് നക്ഷത്രങ്ങളായാണ് എന്ന മിത്തില്‍ ഇന്ന് ഞാനും ഒത്തിരി വിശ്വസിക്കുന്നു.ഇനിയുമവശേഷിക്കുന്ന ഒരു സംശയം കൂടി ഞാന്‍ പറയട്ടെ സൌന്ദര്യാ...?
"നക്ഷത്രങ്ങള്‍ പൊഴിക്കുന്ന നീല വെട്ടം അവയുടെ സഫലമാകാത്ത കിനാവുകള്‍ കത്തിയെരിയുന്നതാവാം..അതിനെക്കുറിച്ചവര്‍ ഭൂമിയിലെ അവരുടെ പ്രിയപ്പെട്ടവരെ അറിയിക്കുന്നതിനാവാം ഇങ്ങനെ മിന്നി തിളങ്ങുന്നതും"
ഒരു നക്ഷത്രമാവാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ഭൂമിയിലെ എന്‍റെ പ്രിയപ്പെട്ടവര്‍ക്ക്, അല്ലെങ്കില്‍
ഹൃദയം ചേര്‍ത്തുവച്ചു പ്രണയിക്കുന്നവര്‍ക്ക് വെളിച്ചം പകര്‍ന്നു കാവല്‍നില്കാമല്ലോ എന്ന മോഹം ഒത്തിരി വലുതായി പോയതുകൊണ്ടുമാവണം എനിക്ക് മുന്നേ ആ നക്ഷത്ര ലോകത്തിലേക്ക്‌ പോയ നിന്നോട് അസൂയ തോന്നുന്നത്.
ഒന്ന് ഞാന്‍ പറയട്ടെ; ജീവിച്ചിരുന്നപ്പോഴും നീ നിന്‍റെ കണ്ണുകളില്‍ നക്ഷത്രങ്ങളെ ഒളിപ്പിച്ചിരുന്നു....ഒരുപക്ഷെ അത് തിരിച്ചരിഞ്ഞിരുന്നതും ഞാന്‍ മാത്രമായിരുന്നല്ലോ... (നിന്‍റെ കണ്ണുകളിലേക്കു നോക്കി ഞാന്‍ എത്രയോവട്ടം പറഞ്ഞിരിക്കുന്നു.എന്നെ കാണുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ നക്ഷത്രങ്ങള്‍ വിടരുന്നുവെന്നു......!)

നിന്‍റെ മരണത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍, എന്‍റെ കണ്ണുകള്‍ മിഴിനീര്‍പ്പൂക്കാളാല്‍ മറക്കപ്പെട്ടത്‌ ആ അസൂയ തന്നെ അടക്കാനാവാത്ത, ഏതോ നിര്‍വചനങ്ങല്‍ക്കുമപ്പുറമായിപ്പോയ, പേരറിയാത്ത ഒരു വികാരമായിപ്പോയതുകൊണ്ടാണോ...?
എന്തോ അറിയില്ല. ഒന്നുമാത്രമറിയാം, സൌന്ദര്യ എന്നയാ നിഷ്കളങ്ക സൌന്ദര്യം എപ്പോഴൊക്കെയോ ഈ എന്നെയും സ്വാധീനിച്ചിരുന്നു...!
സൌന്ദര്യാ, എങ്ങനെയാ നീ ഹൃദയങ്ങള്‍ കീഴടക്കിയിരുന്നത്...?
ആ വിദ്യ എനിക്ക് കൂടി പകര്‍ന്നു നല്കാമായിരുന്നില്ലേ...? ഒട്ടും സൌന്ദര്യമില്ലാത്ത മനസുകളില്‍ പോലും സൌന്ദര്യത്തിന്റെ വശ്യത നിറക്കുവാന്‍ നിനക്ക് കഴിഞ്ഞിരുന്നുവല്ലോ.
ഒരു പക്ഷെ നീയൊരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്കിലും സ്വപ്നങ്ങല്‍ക്കുമപ്പുറം വലുതായിപ്പോയ നിന്‍റെ സൌന്ദര്യം അങ്ങനെയൊരു കീഴടക്കല്‍ നടത്തിയിരുന്നത് നീയറിഞ്ഞിരുന്നുവോ...?

ക്ഷണികമായ സൌന്ദര്യത്തിലെന്തിരിക്കുന്നു എന്ന് വിശ്വസിച്ചിരുന്ന എന്‍റെ തത്ത്വ സംഹിതകള്‍ മുഴുവന്‍ പരാജയപ്പെട്ടതും അവിടെയായിരുന്നു.(ഇപ്പോള്‍ നിന്‍റെ മരണത്തോട് കൂടി ഒരിക്കല്‍ നീ തന്നെ തകര്‍ത്തെറിഞ്ഞ എന്‍റെയാ വിശ്വാസങ്ങളും പുനര്‍ജ്ജനിക്കുന്നു.)
ഞാനും സൌന്ദര്യത്തെ ആരാധിക്കാന്‍ തുടങ്ങിയതോ അല്ലെങ്കില്‍,
ഏതൊരു സൌന്ദര്യത്തെയെങ്കിലും ആഗ്രഹിച്ചു തുടങ്ങിയതുമോ നിന്നെ കണ്ടതിനു ശേഷമല്ലേ എന്ന് ചിലപ്പോഴെങ്കിലും എന്‍റെ മനസ്സുമായി ഞാന്‍ സംവദിക്കാറുണ്ട്.
എന്‍റെ കുപ്പായം നല്‍കിയ കണിശതയുടെ പൂര്‍ണതയില്‍നിന്നും ഒരിക്കല്‍ ഞാന്‍ മറന്നു പോയ ആ യുവത്വത്തിന്റെ ലാഘവതിലേക്ക് എന്നെ കൈപിടിച്ചിറക്കി, ഒടുവില്‍ ഒത്തിരി തോല്‍വികള്‍ സമ്മാനിച്ചതും നിന്‍റെ സാത്വിക സൌന്ദര്യം തന്നെ. നീലക്കണ്ണുകളില്‍ നക്ഷത്രങ്ങള്‍ വിടരുന്നതു കണ്ടില്ലെന്നു നടിക്കാന്‍ അല്ലെങ്കില്‍ സംവദിക്കാത്ത വാക്കുകള്‍ക്കു പകരമായി സമ്മാനിക്കപ്പെടുന്ന നൂറു നൂറു അര്‍ഥം വരുന്ന നിലാപുഞ്ചിരികള്‍ കാണാതിരിക്കാന്‍ ഞാനൊരിക്കലും ഭീഷ്മ ശപഥം ചെയ്തു സ്വച്ചന്ദമൃത്യു നേടിയെടുത്ത ഗംഗാടത്തനല്ലല്ലോ..?

അങ്ങനെ നെയ്തെടുക്കുന്ന കിനാക്കളെ കരിച്ചു കളയുന്ന ഒരു വരവും എനിക്ക് വേണ്ട.
ഏപ്രിലിന്റെ ചൂടില്‍ കൊഴിഞ്ഞുപോയ ദലങ്ങലോടൊപ്പം പിരിഞ്ഞു പോയത് നിന്‍റെ പ്രാണനും കൂടിയാണല്ലോ എന്ന നോവ്‌ എന്നെ തപിപ്പിച്ചു ഈ രാവിലും ഉറക്കാതെ, പെയ്തൊഴിയാത്ത ഒരു ഉഷ്ണമായി എന്നില്‍ ശേഷിക്കുന്നു.
ഭൂമിയിലേക്ക്‌ പ്രണയമെത്തിക്കുവാന്‍ ആകാശം മഴയായി പെയ്തിറങ്ങുമ്പോള്‍
ഖനീഭവിച്ച എന്‍റെ ദുഖവും കണ്ണീരായി ഉതിരുകയാണ്.
തെളിനീര്‍തടാകങ്ങളില്‍ നോക്കി കണ്ണെഴുതുന്ന കൌതുകവും ആകാശക്യാ൯വാസില്‍ പകല്‍ക്കിനാവുകളുടെ മഴവില്ല് കൊണ്ട് വര്‍ണങ്ങള്‍ ചാലിച്ചെടുക്കുന്ന നിന്‍റെ മനസുമെല്ലാം തന്നെ നിന്നോടൊപ്പം എരിഞ്ഞടങ്ങിയല്ലോ. ...!
നീ അഭിനയത്തിന്‍റെ പൂര്‍ണതയായിരുന്നു.
അഭിനയത്തിന്‍റെ പുതിയ തലങ്ങള്‍ തേടിയുള്ള പ്രയാണത്തിലായിരുന്നു നീ എന്നും.
മനസുകളില്‍ ഒരു നിലാമഴയായി പെയ്തിറങ്ങിയ നീ നമ്മുടെ കലാ സങ്കല്പങ്ങളിലേക്ക് കൂടുതല്‍ അടുക്കുകയായിരുന്നുവല്ലോ. പക്ഷെ നീ,
എന്ത് അതിമോഹമാണ് മരണമെന്ന സഹയാത്രികന്‍റെയൊപ്പം പോകുവാന്‍ നിന്നെ പ്രേരിപ്പിച്ചത്
ഒരു പക്ഷെ രംഗബോധമില്ലാത്ത ആ കോമാളിയ്ക്കു നിന്നോടും പ്രണയം തോന്നിയിരിക്കാം
ആഗ്രഹിക്കുന്നതൊക്കെ സ്വന്തമാക്കുന്നത് ശീലിച്ചുപോയതാണല്ലോ അവന്‍.
അവന്‍റെയാ മോഹിപ്പിക്കുന്ന പ്രണയത്തില്‍ നീയും വീണുപോയി അല്ലെ...?

ഞാന്‍ ഇത്രയൊക്കെ പറഞ്ഞുവല്ലോ സൌന്ദര്യാ
എന്നിട്ടും ഇനിയും നിനക്കെന്നെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെന്നാണോ...?
നിനക്ക് ആരോടുമില്ലാതിരുന്ന നിന്‍റെയാ പ്രണയത്തെ കവിതയാക്കാനുള്ള പ്രേരണയും ആര്‍ജ്ജവവും ആയി തീര്‍ന്ന ഈ എന്നെ ഓര്‍മകളുടെ അടുക്കില്‍ നിന്നും നീ പുറത്തെക്കെടുക്ക്
നിന്‍റെ അച്ഛന്‍റെ മരണം നിനക്ക് സമ്മാനിച്ച വേദനയും ഏകാന്തതയും മറക്കാന്‍ വേണ്ടി
നീ എഴുതിത്തുടങ്ങിയപ്പോള്‍ അതൊരു തുടക്കമാണ് എന്ന പോലെ എനിക്ക് തോന്നിയെ ഇല്ല. അതൊരു പ്രവാഹമായിരുന്നു. ആര്‍ക്കും കൊടുക്കാതെ നീ കാത്തുവച്ച നിന്‍റെയാ പ്രണയം വിരല്‍തുമ്പിലൂടെ ഊറിയിറങ്ങി വാക്കുകളും വരികളുമായി ജീവിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നോ ഒരിക്കല്‍ നീ എഴുതിയ ഒരു കവിതയില്‍ ഞാന്‍ കണ്ടത് എപ്പോഴോ ഒരിക്കല്‍ ഞാന്‍ നിന്നോട് തന്നെ പറഞ്ഞ പറഞ്ഞ വാക്കുകളായിരുന്നു
"നിന്‍റെ കണ്ണുകള്‍ക്ക്‌ തടാകത്തെക്കാള്‍ ആഴവും നീലിമയുമുന്ടെന്നും, നിന്‍റെ ചിരിക്കു നിലാവിനേക്കാള്‍ ഭംഗിയുണ്ടെന്നു പറഞ്ഞതും" തികച്ചും ഒരു കള്ളമാണ് എന്ന് നീ പറഞ്ഞു. പെട്ടെന്നെന്റെ മുഖം വാടിയപ്പോള്‍ എന്നെ സാന്ത്വനിപ്പിക്കാന്‍ വേണ്ടിയെന്നോണം എല്ലാം നീ വിശ്വസിക്കുന്നുവെന്നും എല്ലാം നിനക്കിഷ്ടമായി എന്നു പറഞ്ഞപ്പോഴും നീ ചിരിച്ചിരുന്നു.
എനിക്കിപ്പോള്‍ ഒന്ന് മനസിലായി. എല്ലാവരും പറഞ്ഞിരുന്ന പോലെ നീ ഒരു "ഇന്‍റെലെക്ചൊല്‍ ആര്‍ടിസ്റ്റ്" തന്നെയെന്നു. - തോറ്റുകൊടുക്കാന്‍ തയാറാകാത്ത ഒരു പ്രതിഭ..!

പ്രശസ്തിയുടെ സൂര്യന്‍ ജ്വലിച്ചു നില്‍ക്കുംപോഴാണല്ലോ മരണം നിന്നെ കൊണ്ടുപോയത്
നിഴലായി വന്ന മരണം നിഷ്കളങ്കതയുടെ രൂപമായ നിന്നെ കൊല്ലാന്‍
ഇത്തിരി വെളിച്ചത്തിന് അഗ്നിയായി വന്നത് നിനക്ക് മുന്നില്‍ തോറ്റു പോകുമെന്ന പേടി കൊണ്ടാവാം, അല്ലേ..?
പാവം വിഡ്ഢിയായ മരണം...!
എനിക്കവനോട് സഹതാപം തോന്നുന്നു.
നരവീണു തുടങ്ങിയ അവന്‍റെ വാര്‍ധക്യം അറിയുന്നില്ലല്ലോ. - 'നിനക്ക് മരണമില്ലെന്ന്.... എപ്പോഴേ നീ ചിരഞ്ജീവിയായി തീര്‍ന്നുവെന്ന്....!'
വേഷം പകര്‍ന്ന കഥാപാത്രങ്ങളും ആടി തകര്‍ത്ത അരങ്ങുകളും അവയ്ക്കൊപ്പം ഈ ഞാനും
നിന്‍റെ നന്മകളിലേക്ക് ഉള്ക്ക‍ണ്ണു തുറന്നു തന്നെ വക്കുന്നു.
ഇനിയൊരു ജന്മം കൂടിയുണ്ടെങ്കില്‍ അന്ന് നീ എന്‍റെപ്രണയത്തിനു ജീവന്‍ നല്‍കണം.
പ്രണയത്തിന്‍റെ എല്ലാ ഋതു ഭേദങ്ങളും അനുഭവിച്ചറിഞ്ഞു ഒടുവില്‍ കൈകോര്‍ത്തു പിടിച്ചൊരു യാത്ര. ആരുമറിയാതെ, സ്വപ്നത്തിന്‍റെ ഈ മയില്‍പീലിയും ഒളിപ്പിച്ചു ഞാനും ജീവിക്കുന്നു......
എന്‍റെ എല്ലാ വഴികളും നിന്നിലേക്ക്‌ മാത്രം തുറക്കുന്നു എന്നു തിരിച്ചറിഞ്ഞു,
നിന്നിലേക്ക്‌ തന്നെ ഒഴുകിയെത്താന്‍ രൂപമില്ലാത്തൊരു കാലൊച്ചയും തേടി,
കറുത്ത കുപ്പായമിട്ട് കുറെ ചുവന്ന പൂക്കളുമായി.............!

*ആദിത്യന്‍.................... *

3 comments:

  1. അല്ല ഇതെന്താ ഇപ്പൊ ഇങ്ങനെ??

    ഇതെന്നെഴുതിപിടിപ്പിച്ചതാ??

    plz remove word verification :)

    ReplyDelete
  2. great& mind touching. nannayi azhuthiyitund subhash.pakshe nandithayudethumayi cheriya oru samyam thonnunnu, oru pakshe randileyum vishayam maranam ayathukondavam.eniyum azhuthanam kadhayum,kavithakalum ayi.

    ReplyDelete