Monday, 20 September 2010

ഇരുളില്‍ മറഞ്ഞ നിലാവ്..........

1
സ്വര്‍ഗവാതില്‍പ്പക്ഷീയൊരുമാത്ര നില്‍ക്കുക, കണ്ടുവോ നീ
സ്വര്‍ഗ്ഗകവാടം കടന്നുപോയൊരെന്‍ പ്രിയസോദരനെ ?
വെള്ളക്കുതിരകള്‍ തന്‍ കുടകുമണിയൊച്ചകള്‍ കേട്ടുവോ
അതിലുമുറക്കെയായ് തീര്‍ന്നതവന്‍റെ ചിരിമണിയൊച്ചയോ ?
കുഞ്ചിരോമങ്ങള്‍ കുടഞ്ഞെറിഞ്ഞണഞ്ഞൊരാ കുതിരക്കുളമ്പടി
എന്‍ പൊന്‍മകന്‍, അവനെത്തിയ സുവര്‍ണ രഥത്തിന്‍റെയല്ലോ !
അശ്വങ്ങളേഴുണ്ടതില്‍ ഏഴും വെള്ളിച്ചിറകു കെട്ടിയോര്‍, വെള്ളി -
മേഘങ്ങള്‍ക്കിടയിലൂടോടിയും പറന്നും മരണവേഗത്തിനൊപ്പമായി.
ലോകങ്ങളീരേഴു പതിനാലുമവരെത്തും, ഉണ്മയാം മരണത്തിന്‍
പാശമെറിയും യമദേവ കിങ്കരന്‍മാരെയും പേറിക്കൊണ്ടു.
ചിത്രഗുപ്തന്‍റ കണക്കുപുസ്തകമതില്‍ നാള്‍കൊഴിഞ്ഞ്, അവന്‍
ചുവപ്പിനാല്‍ ‍വെട്ടിയ, അസ്തമയത്തിന്‍ അരുണം പടര്‍ന്നൊരാത്മാക്കളെ;
അമ്മതന്‍ ഗര്‍ഭത്തില്‍ നിന്നോ, ഗേഹമായ് വിലസും സ്വദ്ദേഹത്തില്‍ നിന്നോ
പറിച്ചെടുത്തണയും ദൈവസന്നിധിയില്‍ തെല്ലും വിമുഖതയില്ലാതെ.
നിര്‍ദയം നിഷ്ടൂരം അതികഠിനമീ ദൈവഹിതം പ്രിയരാം സ്വജ്ജനങ്ങള്‍ക്ക്.

2
മായയാണത്രേ ഇഹലോകവാസം, ധരണിയിലെല്ലാം മിഥ്യമാത്രം
മരണമോ പരമമാം സത്യം, നിത്യതയിലെത്തിക്കും മോക്ഷമാര്‍ഗം.
കേവലമര്‍ത്യ ചിന്തതന്നഗ്നിയില്‍ തെല്ലും ദഹിക്കില്ലീ മുക്തിമാര്‍ഗം
ഭഗവത്പദമൂന്നും പരലോകം പൂകുവാന്‍ എന്തിനീ വേര്‍പാടിന്‍ യാനപാത്രം.?
മരിക്കുവാനായാണ് ജനിക്കുന്നതെങ്കില്‍ ജനിക്കാതിരിക്കലല്ലേയെളുപ്പം
വേദനയല്ലിത്, വേദനയൊരുക്കുന്ന കൂരിരുള്‍ പുളക്കും ശൂന്യതയാണിത്.
വേര്‍പാട് തീര്‍ക്കുമീ ശൂന്യതതന്നിരുളില്‍ വേദന ഭക്ഷിപ്പൂ രക്തബന്ധം
ദൈവമേ, നിന്നിശ്ച്ച തീര്‍ക്കുവാന്‍ ജീവന്‍റെ നാമ്പൊന്നെടുക്കുമ്പോള്‍
ഒപ്പം മരിക്കുന്ന ഹൃദയങ്ങളെത്ര..? കണ്ണീരിന്നുപ്പു നുണഞ്ഞിട്ടവരും
ജീവിച്ചു തീര്‍ക്കുന്നു ശേഷകാലം; ജീവന്‍റെ ഞെട്ടറ്റൊരുടലുമായി.
ഹൃദയം മുറിഞ്ഞിറ്റുവീഴുമീ ചോരത്തുള്ളികള്‍
കണ്ണിലൂടൊഴുകിയെത്തുന്നു വസുധതന്‍ ‍മാറിലേക്ക്‌;
എന്‍ കവിളില്‍ കനല്‍കൊണ്ടൊരു വരമ്പുതീര്‍ത്ത്.
സ്വര്‍ഗവാതില്‍പക്ഷീ നീ കാവല്‍നില്‍ക്കും നിന്‍ തമ്പ്രാക്കളോടാരായുക
എറിഞ്ഞുടക്കാനായെന്തിനു പാവം മണ്‍പ്രതിമകള്‍ തീര്‍ക്കണം വൃഥാ
ജീവനതിലേക്കൂതികയറ്റുവതെന്തിനു, പറിച്ചെടുത്തു രസിക്കുവാനോ..?
ക്രൂരമീ വിനോദം നിസ്സഹായരാം പ്രിയ ഭക്തരോടരുത് ചൊല്ലുക നീ.

3
സുരലോകവാതില്‍ക്കല്‍ കാവല്‍ തീര്‍ക്കും
ഗംഭീരനായൊരു പക്ഷിശ്രേഷ്ഠാ
അവിടെയാ ഔന്നത്യ ശൃംഗത്തില്‍ നിന്നു നീ
പാരിനെക്കൂടി ദര്‍ശിപ്പതുണ്ടോ
വര്‍ണ്ണങ്ങള്‍ വിടരുമീ ധരയുടെ മാറില്‍,
ഹാ.!വിരിയുന്ന, കൊഴിയുന്ന പൂക്കളെത്ര..
എപ്രിലിന്‍ ചൂടില്‍ കൊഴിഞ്ഞൊരു പൂവായി
വേര്‍പിരിഞ്ഞവനെന്‍ പ്രിയ സോദരന്‍
ചെമ്പക ചില്ലകളുലച്ചു 'കുക്കുറുണി' മുഴക്കി
ചാബലിപക്ഷികള്‍, മരണത്തിന്‍ ശബ്ദവാഹകരവര്‍;
ഇടങ്കണ്ണു തുടിച്ചതും, കരിന്തിരിയെരിഞ്ഞതും അറിഞ്ഞില്ല
കണ്ണുന്തിയ പൈതൃകങ്ങള്‍ ബാക്കിയാക്കിയ ശാപം
കാലത്തിനൊപ്പം മാഞ്ഞില്ല, ഒരു തുടര്‍കഥയായി നിന്നു.
വേഗത തീര്‍ത്തൊരു മരണക്കയത്തില്‍
വാ പിളര്‍ന്നിരുന്നൊരു വിധി
വിഴുങ്ങിയതെന്‍പൊന്നുണ്ണിയെ.
നിശബ്ദ നിഴലായ മരണം
അവനറിയാതെയവനെ കവര്‍ന്നെടുത്തു.
ശാപം പുരണ്ടൊരൊച്ചപോല്‍ വാര്‍ത്ത
അലയായ്‌ പടര്‍ന്നെത്തിയെന്‍ കര്‍ണങ്ങളില്‍
ഞാന്‍ പകര്‍ന്ന തണലില്‍ നിന്നും,
എന്‍ ചിറകിന്‍ കീഴില്‍ നിന്നും
അവനടര്‍ത്തപ്പെട്ടത്‌ ഞാനറിഞ്ഞില്ല,
ഹൃദയം പറിഞ്ഞുപോയറിഞ്ഞ മാത്രയില്‍
എന്നെയും പേറി വട്ടം
ചുറ്റിയ ധരയില്‍ ഞാനടി തെറ്റി വീണു,
മതിയറ്റെന്‍ ഭ്രമണപഥവും തെറ്റി.
ആശ്വാസവാക്കുകളുയര്‍ന്നൂ ചുറ്റിലും
തലോടിയകൈകള്‍ ആരുടേതെന്നറിഞ്ഞില്ല
കാതിലെത്തിയ വാക്കുകളും കേട്ടില്ല,
ഞെട്ടറ്റു വീണു ഞാനുമവനൊപ്പം
എല്ലാമിരുളിന്‍ നിഴല്‍ ചിത്രങ്ങള്‍ മാത്രമായ്.
അവനരികിലെത്താന്‍ കൊതിച്ചെത്രയും വേഗത്തില്‍
നിമിഷങ്ങളൊച്ചിന്‍റെ വേഗത പൂണ്ടപ്പോള്‍
നിമിഷാര്‍ധം പോലും യുഗതുല്യമായി
ഉഷ്ണം കൂടുവച്ച യാഥാര്‍ത്യം
ഉഷ്ണക്കാറ്റുയര്‍ത്തിയെന്നെ തളര്‍ത്തി.
കവിള്‍ നനച്ചിറങ്ങിയ കണ്ണീരിന്‍ ഉപ്പും നുണഞ്ഞ്
ആകാശ നൌകയില്‍ ഇമയിറുകെയടച്ചു ഞാനിരുന്നു
നെഞ്ചകമപ്പോള്‍ കേഴുകയായൊരു രാക്കിളിപോലെ
ഒപ്പം കരഞ്ഞെന്‍ ഇന്ദ്രിയങ്ങളും ഉറങ്ങാതുയിരറ്റു നിന്നു

4
ഒടുവില്‍ ഞാനെത്തിയെന്‍ ജന്മഭൂമിയില്‍, നീലകടലിനും
മീതെ ചിറകു വിടര്‍ത്തി പറന്നിറങ്ങി നൌകയും മണ്ണിതില്‍
ഞാന്‍ കണ്ടകലെയായ് കിഴക്കിന്‍റെ ചക്രവാളസീമയില്‍
ഉണര്‍ന്നെണീക്കും ഉഷസ്സാം പെണ്ണിന് സീമന്തതിലകം
ചാര്‍ത്തും അരുണന്‍റെ വിരല്‍തുമ്പും, പിന്നെയവന്‍
ചിന്നിച്ച കിരണങ്ങളിരുളിന്‍റെ മുലക്കച്ചയഴിക്കുന്നതും,
വെയില്‍ പടരുന്നതും, നീര്‍ത്തുള്ളി വജ്രമാകുന്നതും.
നിഗമാനവാതിലില്‍ കൂടി ഞാന്‍ വേഗം പുറത്തെത്തി,
സാന്ത്വനത്തിന്‍ ബലസ്പര്‍ശമറിയിച്ചു കൈകളെന്നില്‍
അവയെന്നെ പിച്ച വയ്പിച്ചു, ഞാനൊരന്ധനെ പോലെ
നടകൊണ്ടു, വിധി നിയന്ത്രിക്കും കളിപ്പാവയായി.
ഉള്ളില്‍ തിളയ്ക്കുന്ന നോവിന്‍റെ ലാവയുമായ് ഗമനം
തുടര്‍ന്നിതെന്‍ വീടിലേക്ക്‌; വഴിയരികില്‍ മൂകം തലതാഴ്ത്തി
നിന്ന തരുക്കളോ പിന്നിലേക്കോടി മറഞ്ഞു വിഷാദരായ്.
യാത്രകഴിയാറായ്, ഇനിയിത്തിരി ദൂരം മാത്രം പൊടുന്ന്നനെ
ഒപ്പമുള്ളവരിലൊരാള്‍ വിരല്‍ ചൂണ്ടി പുറത്തേക്കു.
ഇവിടെയീ വളവിലവനെയും തേടി മരണം പതിയിരുന്നിന്നലെ
പുറത്തേക്കു നോക്കി ഞാന്‍, റോഡിന്‍റെ പരുത്ത കറുപ്പിലായ്
ചോരത്തുണ്ടുകള്‍, കട്ടപിടിച്ചു തുടങ്ങിയ ചുവപ്പിന്‍റെ പൂക്കളങ്ങനെ.
ഒരുമാത്രയൊന്നു നോക്കിയശക്തനായ് മുറുകെപൂട്ടിയെന്നിമകള്‍
പിന്നെ തുറക്കുവാന്‍ കര്‍ണങ്ങള്‍ നിലവിളിയൊച്ചകളേറ്റു വാങ്ങി
മണല്‍ത്തരിയെറിഞ്ഞാല്‍ നിലം തൊടില്ലെന്നപോല്‍ ജനാവലി
അമര്‍ത്തിയ നിശ്വാസങ്ങള്‍, ഗദ്ഗദങ്ങള്‍, നോവിന്‍ ഞരക്കങ്ങള്‍
എല്ലാം തകര്‍ത്തുയര്‍ന്നെത്തുന്നു നിലവിളിയൊച്ചകള്‍;
എന്‍ അമ്മയും പെങ്ങളും, ഞാനെത്തിയെന്‍ വീടതില്‍.


5
കൂട്ടം വകഞ്ഞുമാറ്റിയാരോ വഴിയൊരുക്കി, ഞാനെത്തിയുമ്മറത്ത്,
അവിടെയതായൊരസ്ഥികൂടം അതെന്‍റെയച്ഛനാണ്;
തങ്ങളില്‍ തങ്ങളില്‍ നോക്കിയതല്ലാതൊന്നും മിണ്ടിയില്ലിരുവരും
കണ്ടുകാണില്ലൊരു പക്ഷെ, എന്‍റെയാ ജീവനുള്ള ദൈവം
ഉള്‍ക്കാഴ്ച കൂടി മറച്ചിരുന്നശ്രുധാരയിരുവര്‍ക്കും ഒരുപോല്‍,
അകത്തളത്തില്‍ ഞാനെത്തി, അവിടതാ കൃത്രിമശീതീകരണിക്കുള്ളില്‍ ,
നിര്‍ജീവം നിവര്‍ന്നു കിടക്കുന്നു കൃഷ്ണമംഗലത്തിന്നിളയ സന്തതി,
ചെമ്പട്ടിലങ്ങനെ പൊതിഞ്ഞ്, പുഷ്പചക്രങ്ങള്‍ കൊണ്ടലംകൃതമായ് ,
മരണത്തിലും മന്ദസ്മിതം തൂകുവതെങ്ങനെയെന്നറിയിച്ചുകൊണ്ട്.
മുറിത്തേങ്ങയിലെരിയുന്നു നെയ്‌വിളക്കുകള്‍ ഇരുതലയ്ക്കലും,
മരണത്തിന്‍ ഗന്ധം നിറച്ചുപുകയുന്നു ചന്ദനത്തിരികളും.
ഇവിടെ നിപതിച്ചതെന്നഹന്തയാണ്, ചോര്‍ന്നു പോയതെന്‍ ധൈര്യവും .
ആത്മഹര്‍ഷം പൂണ്ടഹന്തയോടൊരിക്കല്‍ ഞാനുറക്കെ പറഞ്ഞിരുന്നു
''എനിക്ക് ഭയമില്ലൊന്നിനേയുമാരേയും, ആണൊരുത്തന്‍ കൂടിയുണ്ട്
എനിക്കിളയതായി, പിതൃക്കള്‍ക്ക് കര്‍മം ചെയ്തീടുവാന്‍''
വാക്കിന്‍ വാളുയര്‍ത്തിയെന്നെ ഹനിക്കാനൊരുങ്ങുന്നവര്‍ തന്‍ നേരെ
കൈയിലൊതുങ്ങാത്ത കല്ലുമായ്‌ ക്ഷണത്തില്‍ കുതിക്കുമവന്‍
മിന്നല്‍പിണരുതിര്‍ത്താ ചിത്രമെന്നുള്ളില്‍, ദഹിച്ചുപോയ് ഞാന്‍
അഗ്നിത്തിരയുയര്‍ത്തുമാ ഓര്‍മതന്‍ തപോജ്വാലയില്‍.
എല്ലാമൊരുമാത്രയൊന്നു നോക്കി, ക്ഷണത്തില്‍ പൂജാമുറിയിലേക്കെത്തി
നിലവിളക്കും പിന്നെ ചില്ലിനുള്ളില്‍ കുടിയിരുത്തിയ കലണ്ടര്‍ ദൈവങ്ങളും
എല്ലാം കടന്നെടുത്ത് വലിച്ചെറിഞ്ഞു ഞാന്‍ പുറത്തേക്കു.
ഇനിയിവരിവിടെ വേണ്ടാ, പോട്ടെ കനിവില്ലാത്ത ഹൃദയങ്ങള്‍,
കാഴ്ച മങ്ങിയ കണ്ണുള്ളോര്‍, "ദൈവങ്ങളത്രെ"
കാത്തു വയ്കാനേല്‍പിച്ച നിധിയെ കളഞ്ഞ ഹൃദയശൂന്യര്‍.6
നേരമായ്, പ്രമാണിമാര്‍ രാഹുകാലം നോക്കീ ചൊല്ലി
ദ്രുതതാളം പൂണ്ടു പിന്നെയെല്ലാം,
തിടുക്കം കൂട്ടീ ഘടികാരത്തിന്‍ സൂചി,
വട്ടം കൂടി ചര്‍ച്ചയായ് പ്രമാണിമാര്‍.
''പെട്ടികൂട്ടിയടക്കാമോ ദഹിപ്പിക്കാമോ?" തര്‍ക്കമായ് പിന്നെ.
ദഹിപ്പിക്കുവതെങ്ങനെ..? "ജീവിച്ചിരിപ്പുണ്ടല്ലോ രക്ഷിതാക്കള്‍,
കര്‍മം ചെയ്തീടുവാന്‍ പുത്രപൌത്രാദികളുമില്ല.
ഞാനുയര്‍ക്കെപ്പറഞ്ഞു ''ദഹിപ്പിക്കതന്നെ വേണമവനെ,
ദേഹം മേനെഞ്ഞെടുക്കാന്‍ ഏതൊന്നില്‍ നിന്നോ കടംകൊണ്ടത്
തിരികെ പോകണമവനാ, പഞ്ചഭൂതങ്ങളിലേക്ക് തന്നെ.
കല്പകാലങ്ങളാ പിഞ്ചുമേനി ജീര്‍ണതയ്ക്കിടേണ്ട -
പുഴുക്കളരിക്കുവാന്‍ കൊടുക്കില്ല ഞാനവനെ
പുനര്‍ജനിക്കട്ടെയവന്‍ ഒരു ചെന്തെങ്ങായി അതിദ്രുതം".
ഇവിടെ തിരുത്തിയെഴുതാം ആചാരങ്ങള്‍ തന്‍ പ്രമാണചിട്ടകള്‍.
താതനേറ്റ കൊടും ശാപമത്രേ മക്കള്‍ തന്‍ ചിത ദര്‍ശിപ്പത്
ഏങ്കിലുമെന്തു ചെയ്യാന്‍, നിസ്സഹായന്‍ ഞാന്‍
''നിവര്‍ത്തിയില്ലവനെ മണ്ണിലടക്കി പുഴുക്കള്‍ക്ക് ദാനം ചെയ്യാന്‍".
"പതിവുകള്‍ തെറ്റിക്കോട്ടെ, കര്‍മങ്ങള്‍ ഞാന്‍ ചെയ്യാം,
എനിക്ക് പിണ്ടമൂട്ടേണ്ടവന്‍ തന്‍ ചിതയ്ക്ക് ഞാന്‍ കൊള്ളിവയ്ക്കും,
കുടമുടയ്ക്കും, പിന്നെ ബലിതര്‍പ്പണം ചെയ്യും''
വരുംകാലമീയോര്‍മ്മകള്‍ പുഴുക്കളായരിക്കും ഞങ്ങളെയും.
തിരുത്തുവാനായില്ലെന്നെയാര്‍ക്കുമേ, അനുക്രമം നടന്നു പിന്നെയെല്ലാം
കൃഷ്ണമംഗലത്തിന്‍, പതിവുപോലൊരു പച്ചമാവും വീണു,
തെക്കുപടിഞ്ഞാറൊരു ചിതയൊരുങ്ങി, മുറ്റത്തിന്‍ മദ്ധ്യേ
നീളന്‍ വാഴയില നിവര്‍ന്നു, നിലവിളികള്‍ അലര്‍ച്ചയായി.
താങ്ങിപ്പുറത്തേയ്ക്കെടുത്തു നാലഞ്ചുപേര്‍ ചേര്‍ന്നവനെ,
എന്നുണ്ണിതന്‍ തലയ്ക്ക് താങ്ങായതെന്‍ കൈകള്‍ തന്നെ,
മരവിപ്പരിച്ചു കേറിയെന്‍ സിരകളിലേയ്ക്ക്,
അവനില്‍, താഴെയായ് പിറന്ന പിഞ്ചുപൈതങ്ങള്‍
നനഞ്ഞ തുമ്പപ്പൂ ചോറിനാല്‍ വായ്ക്കരിയിട്ടു,
രാമച്ചവും ചന്ദനചീളുകളും വിരിച്ചൊരുക്കിയ
ചിതാശയ്യയിലവന്‍ ശയിച്ചു പിന്നെ
വാശിപിടിച്ചു പുതപ്പിച്ചു ഞാനവനെ പുത്തനായ്
വാങ്ങിയോരുടുപ്പും പാന്റ്സും
മീതെയായ്‌ മുഖം മറച്ചു മൂടി ഒടുക്കത്തെ
പുതപ്പായൊരു ചെമ്പട്ടും.
വശങ്ങളില്‍ അലങ്കാരമായ് പുഷ്പ ചക്രങ്ങളും നിറഞ്ഞു.
ചെമ്പട്ട് ചുറ്റീ ഞാന്‍ ഈറനണിഞ്ഞു
ചുമലില്‍ ജലകുംഭമായ് മണ്‍കുടവും
ചിതതന്‍ കാല്‍ക്കലതു വീണുടഞ്ഞു
ഒപ്പമെത്രയോ മിഴിനീര്‍ക്കുടങ്ങളും
ഒടുക്കം തീ പിടിപ്പിച്ച പച്ചമാവിന്‍ കൊള്ളിയും വച്ചഗ്നിക്കാശ നല്‍കി,
നൂല്‍മുറിച്ചാ ബന്ധമറുത്ത് ചിതാഗ്നിക്ക് വലം വച്ചു ഞാന്‍,
പ്രജ്ഞയറ്റ് ഞാന്‍ വീഴുന്നേരം അഗ്നിത്തിരകള്‍ വന്നവനെമൂടി.
കാറ്റിന്റെ കൈകള്‍ വേഗം നല്‍കി,
വാനിലേയ്ക്കുയര്‍ത്തപ്പെട്ടവന്‍ ധൂപവലയങ്ങളായ്.

7
പിറ്റേപ്പുലരിയില്‍ എന്നിളയ ശേഷക്കാരി ദേവു വന്നെന്നെയുണര്‍ത്തി,
അവള്‍ക്കിനിയും തിരിയാത്ത വാക്കുകള്‍ ചൊല്ലീ,''കൊച്ചുമോന്‍ അവിടാ-
'കുയിയില്‍' കിടക്കുന്നൂ, ചേച്ചി പറഞ്ഞതാണ് അവളോടിങ്ങനെയെന്നത്രേ,
വേച്ചുപോകുമെന്‍ കാലടികളുമായി ഞാനുണര്‍ന്നവിടേയ്ക്ക് പോയി മെല്ലെ,
ദൈന്യമാം കാഴ്ച കണ്ടെന്‍ കരളുപിടഞ്ഞു, ആ ചാരക്കൂനയ്ക്കരികിലായ്
കൂനിക്കൂടിയിരിക്കുന്നു എനിക്കുമെന്നനുജനും ജന്മം തന്ന പിതൃത്വം .
രണ്ടുനാള്‍ കൊണ്ട് മൃതപ്രായമായാ ദേഹം; ദൈവ സന്നിധി പൂകിയ -
പൊന്‍മകനറിയുന്നുണ്ടോ താതനേറ്റുവാങ്ങിയോരീ ശാപത്തിന്‍ വേദന.
തൊലി ചുളുങ്ങിത്തുടങ്ങിയ കൈത്തലം മെല്ലെ പിടിച്ചു നടന്നു ഞാന്‍,
പിച്ച വയ്ക്കും കുഞ്ഞുപൈതല്‍ പോല്‍ അച്ഛനെന്നെ പിടിച്ചും നടന്നു .
''അഞ്ചാം നാളവനൊരു ചെന്തെങ്ങായി പുനര്‍ജനിക്കുമച്ഛാ'' എന്നും
''എല്ലാമറിയുന്നുണ്ടവനവിടാ ദൈവസന്നിധിയിലിരുന്നെന്നും'' ആശ്വസിപ്പിച്ചു ഞാന്‍ .
ഞങ്ങള്‍ മക്കള്‍ മൂവരില്‍ വൈകി വന്നവനവന്‍,
നെഞ്ചകങ്ങള്‍ കീഴടക്കീ കുസൃതി തന്‍ തേരോടിച്ച്,
ഒടുവിലേറ്റം വലിയ കുറുമ്പെടുത്തിങ്ങനെ ക്ഷണപ്രഭപോല്‍
കടന്നുപോയ്‌, ദൈവത്തിനേറ്റം പ്രിയപ്പെട്ടവനായ്.
വസന്തം കാത്തു നില്‍ക്കാതെ, ഋതുചക്രം പൂര്‍ണമാകാതെ
വിടരാതൊരു മൊട്ടായ് കൊഴിഞ്ഞവനിങ്ങനെ.
വിടരാന്‍ കൊതിച്ച പൂമോട്ടുകളിങ്ങനെത്ര വിടരാനാകാതെ കൊഴിഞ്ഞിടുന്നു .
സ്വര്‍ഗവാതില്‍പ്പക്ഷീ, നീയവനെ കാണുകില്‍ ചോദിക്ക,
"ഇനിയെന്ന് കാണും ഞങ്ങള്‍ തമ്മിലെന്നും ഇനി വരും ജന്‍മത്തിലും
എന്‍ കുഞ്ഞനുജനായ് വീണ്ടും പിറന്നീടുമോയെന്നും''
ലാളിച്ചു തീര്‍ന്നീല്ലയവനെ ഇനിയുമേറെ സ്നേഹവും വാത്സല്യവും ബാക്കി,
''വരികയെന്‍ കണ്മണീ , ഇനി വരും ജന്മത്തിലും പകുത്തിടാമൊരേ
ഗര്‍ഭപാത്രം, ഒരേ ചോരതന്‍ കനിവും കരുത്തും കടമ്പുമറിഞ്ഞിടാം".
ആത്മാവിലലിയട്ടെയീ സുകൃതം,
ചിതയിലെരിയാത്തോരോര്‍മ്മയാം ആത്മബന്ധം.

********************************************************************************************

13 comments:

 1. താങ്കളേയും,സഹോദരനേയും നേരിട്ടറിയുന്ന ആളായതിനാല്‍ വെറുംവാക്കുപറഞ്ഞിട്ട് ഒരു കാര്യവുമില്ലെന്നറിയാം... ഉണ്ണി ഇപ്പോഴും ഇതെല്ലാം കാണുന്നുണ്ടെന്നോര്‍ത്ത് ആശ്വസിക്കുക, സമാധാനിക്കുക.

  ReplyDelete
 2. അകാലത്തില്‍ പൊലിയുന്നവര്‍ എന്നും ദൈവത്തിനു പ്രിയപ്പെട്ടവരത്രെ...അവരെയോര്‍ത്ത് വിലപിക്കരുത്....ചോര കണ്ണീരായ് വാര്‍ക്കുന്ന ninte ആ nalla മനസ്സ് കണ്ട് ...ninte pratheekshakalkum swapnangalkkum nirameki udane ഒരു മാലഖക്കുഞ്ഞു മനുഷ്യനായ് അവതരിക്കും....ennum maarodanachu ninaku laalikan ninte makanayi avan vannu pirakatte ennum aa kunjinu aayurarogya saukyangalum undakkte ennum prarthikkunnu...

  നല്ല അവതരണം...വാക്കുകള്‍ ഹൃദയത്തില്‍ നിന്നും വരുന്നതു കൊണ്ടവും ithinoru ചോരയുടെ മണം.... nannayirikunnu subbuse...തുടര്‍ന്നും എഴുതുക... എല്ലാ വിധ ആശംസകളും നേരുന്നു ..എന്നും നന്മകള്‍ ഉണ്ടാകട്ടെ...

  ReplyDelete
 3. അക്ഷരങ്ങള്‍ കൊണ്ട് അശ്രുപൂജ ,
  'മൂവരില്‍ ഏറ്റവും വൈകി വന്ന് നെഞ്ചകങ്ങള്‍
  കീഴടക്കി കുസൃതിതന്‍ തേരോടിച്ചു ഒടുവില്‍
  കുറുംബെടുത്ത് ക്ഷണപ്രഭപോല്‍ ,
  വസന്തം കാത്തുനില്‍ക്കാതെ, വിടരാതെ
  മൊട്ടായ് കൊഴിഞ്ഞ' പ്രിയ സോദരന്
  ആചാരങ്ങളുടെ പ്രമാണചിട്ടകള്‍ തിരുത്തി
  പഞ്ചഭൂതങ്ങളിലേയ്ക്ക് തിരികെ പോകാന്‍
  വഴിയൊരുക്കി , വേര്‍പാട് തീര്‍ക്കുന്ന ശൂന്യത
  ഏറ്റുവാങ്ങുന്ന കൂടെപ്പിറപ്പിന്റെ ചിത്രം
  വേദനയായി നെഞ്ചിനുള്ളിലേയ്ക്ക്
  പകര്‍ത്തപ്പെടുന്നു ....
  '' മായയാണത്രെ ഇഹലോക വാസം ,
  ധരണിയിലെല്ലാം മിഥ്യ മാത്രം
  മരണമോ പരമസത്യം ,
  നിത്യതയിലെത്തും മോക്ഷമാര്‍ഗം ''
  അങ്ങനെ ചിന്തിക്കുക , സമാധാനിക്കുക .
  കൃഷ്ണാ ,
  കവി തിളങ്ങി നില്‍ക്കുന്ന വരികള്‍
  പറയാതെ പോകാന്‍ ആവുന്നില്ല ,
  "ഞാന്‍ കണ്ടകലെയായ് കിഴക്കിന്റെ ചക്രവാളസീമയില്‍
  ഉണര്‍ന്നെണീക്കും ഉഷസാം പെണ്ണിന് സീമന്ത തിലകം
  ചാര്‍ത്തും അരുണന്റെ വിരല്‍ തുമ്പും പിന്നെയവന്‍
  ചിന്നിച്ച കിരണങ്ങളിരുട്ടിന്റെ മുലക്കച്ചയഴിക്കുന്നതും
  വെയില്‍ പടരുന്നതും നീര്‍ത്തുള്ളി വജ്രമാകുന്നതും''
  പിറവിയെടുക്കുന്ന കവിതകള്‍ വജ്രം പോല്‍ തിളങ്ങട്ടെ .
  പ്രാര്‍ഥനയോടെ ......

  ReplyDelete
 4. താങ്കള്‍ അനുഭവിക്കുന്ന വേദന, നഷ്ടം ഒക്കെ ഈ വരികളില്‍ നിന്ന് വായനക്കാരന്‍റെ ഹൃദയത്തിലേക്ക് ശരിക്കും പകരുന്നുണ്ട്...മരണത്തിലേക്കുള്ള ഒരു യാത്ര മാത്രമാണ് ജീവിതം...അത് നമ്മളെ തേടി എത്തുന്നതുവരെ പ്രിയപ്പെട്ടവരില്‍ പലര്‍ക്കും നമ്മള്‍ യാത്രാമൊഴി ചോല്ലേണ്ടി വരും...ഓരോ മരണവും കാതില്‍ എത്തുമ്പോള്‍ പറയുക...മരണമേ,ഞാനും നിന്നെയാണ് തിരയുന്നത്...

  ReplyDelete
 5. Hrudayathil ninnadarnnu veena e aksharathin nombarapookkalil ninte unni punarjanikkunnu suhruthe...avan ninte hrudayathil thanneyundu. thalarathirikkuka...

  ReplyDelete
 6. Deep hearted sorrows how painfully you are telling......
  May be by writing you can share your sadness with others.....Yes, really we can also feel it !!!
  Keep on writing .....with prayers and blessings...

  ReplyDelete
 7. ariyunnu snehithaa njaan ninte manassu..athinte aazhameriya vedana...thalaraathirikkuka...

  ReplyDelete
 8. പിന്തുടരുമൊരുവന്‍ മറ്റൊരു നിഴലായ്,
  നിറമില്ലാത്ത് മണമില്ലാത്തവനുണ്ടോ
  അറിയുന്നു ആത്മബന്ധങ്ങള്‍ തന്‍ വില!
  മിഥ്യയെന്നൊരാ സത്യത്തെയുള്‍ക്കോള്ളുവാന്‍
  വൃഥാവിലാണെങ്കിലും തുടരണമീ യാത്ര
  നാം ഒരുനാളവന്‍ മുമ്പെത്തീടുവോളം.

  ReplyDelete
 9. This comment has been removed by the author.

  ReplyDelete
 10. താങ്ങളുടെ ഈ വരികള്‍ എനിക്കും കൂടി വേണ്ടിയാണ്, പറന്നു തുടങ്ങിയൊരു പറവയെ പ്രതീക്ഷകളുടെ മുനമ്പില്‍ നഷ്ട്പ്പെട്ട വേദനയോടെ........

  ReplyDelete
 11. ഞാനും കരയുകയാണ് സുഭാഷ്‌...
  നീ അനുഭവിച്ച വേദനയില്‍ കുരുത്ത അക്ഷരങ്ങള്‍
  തീനാമ്പുകള്‍ പോലെ എന്നെ ചുറ്റിപ്പടരുന്നു... !
  എങ്ങനെ എഴുതി തീര്‍ക്കാനായി നിനക്കിത്?!
  അക്ഷരങ്ങള്‍ നിന്‍ മിഴിനീരില്‍ കിടന്നു വീര്‍പ്പു മുട്ടിയിട്ടുണ്ടാവില്ലേ?
  എനിക്കു കാണാനാവുന്നു അത്..!
  അന്നേ ദിവസം ഓര്‍മ്മയില്‍ തെളിയുമ്പോഴൊക്കെ ജീവിതത്തിന്റെ
  ക്ഷണഭംഗുരത എന്നെ വല്ലാതെ ഭയപ്പെടുത്തുന്നു.!
  കേവലം ഒരു കവിതയെന്നു വിളിക്കില്ല ഞാനിതിനെ...
  പകരം വിളിക്കാന്‍ പേരു മറിയില്ലിനിക്ക് ......

  ReplyDelete
 12. വിഷയം തീവ്രം ...വിഷമകരം....പങ്കു ചേരുന്നു....
  രചന നന്ന് ....നീളം അല്‍പ്പം കൂടിയോ?

  ReplyDelete