Saturday, 10 September 2011

എന്‍റെ ഉണ്ണിക്കുട്ടന്...........

വേര്‍പിരിയലുകള്‍ വേദനയല്ല ശൂന്യതയാണ് തീര്‍ക്കുന്നത്.....
നീ തീര്‍ത്തുപോയ ശൂന്യത നിറക്കുവാന്‍ നീ മകനായി തിരികെ വന്നു....
പക്ഷെ ഒന്നും മറ്റൊന്നിനു പകരമാവില്ല എന്നിരിക്കെ,
ആ ശൂന്യത നിറക്കുവാനാകാതെ ഞാന്‍ ഇപ്പോഴും ഇരുളില്‍ തനിയെയാണ്.

എന്‍റെ നിശബ്ദതക്കു നാവു വക്കുന്നത് നിന്‍റെ ഒച്ചകള്‍ കൊണ്ടായിരുന്നു.....
നിന്‍റെ ബഹളത്തിന്‍റെ അലയൊലികള്‍ ആണ് എന്നില്‍ ആഘോഷത്തിന്‍റെ ഉത്സവമേളങ്ങള്‍ നിറച്ചിരുന്നത്....
നീ കുസൃതികള്‍ കൊണ്ട് പൂക്കളമൊരുക്കിയത് എന്‍റെ ദിവസങ്ങളില്‍ ആയിരുന്നു.....
ആ നിറങ്ങളും കൊണ്ട് നീ ഒന്നും പറയാതെ പോയപ്പോള്‍ ഒപ്പം ചോര്‍ത്തിയെറിയപ്പെട്ടത്
എന്‍റെ കിനാവുകളാണ്.
എന്‍റെ അഹങ്കാരത്തിന്‍റെ ആദ്യ വാക്കും അവസാന വാക്കും നീയായിരുന്നു....
വേഗതയോടുള്ള എന്‍റെ പ്രണയം കണ്ടു അസൂയപ്പെട്ട് എന്നെപ്പോലെയാകണം
നിനക്കുമെന്നു കൂട്ടുകാരോട് പറഞ്ഞു എന്നെക്കാള്‍ വേഗത്തില്‍ നീ കടന്നു പോയപ്പോള്‍
ചലനമറ്റതു പോലെയായി തീര്‍ന്ന എന്‍റെ ശരീരത്തില്‍ ഇപ്പോള്‍ നിര്‍വികാരതകളുടെ കറുപ്പും വെളുപ്പും മാത്രം ബാക്കി.
അച്ചനെയല്ലാണ്ട് മറ്റൊന്നിനെയും ഭയക്കാതിരുന്ന എനിക്കിപ്പോള്‍ ചുറ്റുമുള്ളതെല്ലാം പേടി മാത്രം തരുന്നു.....
എല്ലാറ്റിനും കാരണം നീയാണ്..... നീ മാത്രം.
ഒന്നും പറയാതെ, ദിവസങ്ങളോളം എന്നെയൊന്നു വിളിക്കുക പോലും ചെയ്യാതിരുന്ന നീ
നിനക്ക് വേണ്ടിയുള്ള എന്‍റെ ശ്രമങ്ങളൊക്കെ അപൂര്‍ണതയുടെ ശേഷിപ്പുകള്‍ മാത്രമാക്കി
എന്നെ തനിച്ചാക്കി നീ ആവിയായും ജലമായും അഗ്നിയായും ഒക്കെ തീര്‍ന്നപ്പോള്‍
നിന്‍റെ ഏതു സ്വാര്‍ത്ഥതയാണ് നീ സഫലമാക്കിയത്...?
എനിക്ക് നിന്നെ കണ്ടെത്തണം.... ഇനിയും വേണം...
എവിടെയാണ് നിന്നെ ഞാന്‍ തിരയേണ്ടത്....
മേഘങ്ങള്‍ക്കിടയിലാണോ നീ മറഞ്ഞത്....?
അതോ നക്ഷത്രങ്ങള്‍ക്കിടയിലാണോ.......?
അതോ നീ അലിഞ്ഞു തീര്‍ന്ന പഞ്ച ഭൂതങ്ങളിലോ..?
അങ്ങനെയെങ്കില്‍ നീ പറഞ്ഞു തരണം എനിക്ക്....
ഇങ്ങനെ എന്നും എന്‍റെ സ്വപ്നങ്ങളില്‍ വന്നു എന്നെ കരയിപ്പിച്ചു പോകുന്നതിനു പകരം
നിന്നെ കണ്ടെത്താനുള്ള വഴി പറഞ്ഞു തരാം എനിക്ക്......
നിന്നെ കണ്ടെത്തിയാല്‍ ഉറപ്പാണ്, മൂന്നാം തവണയും ഞാന്‍ നിന്‍റെ ചെകിട്ടത്തടിക്കും....
മുന്‍പ് രണ്ടു തവണ നിന്നെ തല്ലിയപ്പോഴും നിനക്ക് ബോധം മറഞ്ഞു പോയിരുന്നില്ലേ...?
എന്നിട്ട് ബോധം വരുന്ന നിന്നെ പിന്നെ കുസൃതി കാട്ടാന്‍ വിടാത്ത വിധം എനിക്ക് ചേര്‍ത്ത് പിടിക്കണം....
ഒരു നിഴലിനും നിന്നെ മറക്കാന്‍ ഇട കൊടുക്കാത്ത വിധം എനിക്ക് നിന്നെ സംരക്ഷിക്കണം....
നിനക്കായ് ബാക്കിയാക്കിയതെല്ലാം പൂര്‍ത്തിയാകണം എനിക്ക്.....
എനിക്കുറപ്പുണ്ട്... അങ്ങനെയെങ്കില്‍ മാത്രമേ എന്നില്‍ എല്ലാ ആഘോഷങ്ങളും തിരികെയെത്തൂ.
അതുവരെ എല്ലാം അഭിനയം മാത്രം..... ജീവിതത്തെ അഭിനയിച്ചു തീര്‍ക്കുന്നു.....
നിഴലുപോലുമറിയാതെ ഉള്ളില്‍ കരഞ്ഞും പുറമേ ചിരിച്ചും ഞാന്‍ അഭിനയിക്കുന്നു.
ഇരുള്‍ കൂട്ടുപോലുമില്ലാതെയുള്ള എന്‍റെ ഈ യാത്രയില്‍ എന്നിലെ ജീവ കലകളില്‍ സംവേദനത്വം പോലുമില്ല....
ഒന്നുമറിയാതെ ഒരു പൊങ്ങു തടി പോലെ ഞാന്‍ മുന്നോട്ടും എന്‍റെ ആയുസ്സിലെ ദിനങ്ങള്‍
ഭൂതകാലത്തിന്‍റെ പിന്നാമ്പുറങ്ങളിലേക്കും യാത്രയാകുന്നു.
കൊഴിയുന്ന നിമിഷങ്ങളേ നിങ്ങള്‍ സാക്ഷി, "എനിക്കും നിനക്കും ഈ കാലത്തിനും."