Sunday 15 March 2015

ജീവന്‍റെമതം

ഇന്നലെയൊരു തെരുവ് കത്തിയെരിഞ്ഞു
ഹിന്ദുവും മുസ്ലീമും കൃസ്ത്യാനിയും
ജൈനനും ജൂതനും ആരും
ഒരു മതഗ്രന്ഥവും കയ്യിലെടുക്കാതെ
ജീവനും കൊണ്ടോടി.
ഗ്രന്ഥതാളുകള്‍ക്കിടയില്‍ സസുഖം
ഉറങ്ങിയിരുന്ന ദൈവങ്ങള്‍
പുകച്ചുരുളുകള്‍ക്കിടയിലൂടെ
തീപിടിച്ച ഉടുതുണികളുമായി
അടുത്തു കണ്ടൊരു മഞ്ഞിച്ച
അഴുക്ക് ചാലിലേക്ക് എടുത്തുചാടി
"കോപ്പന്മാര്‍.! തൊലി പൊള്ളിതുടങ്ങിയാല്‍
ഒരുത്തനും ദൈവവും വേണ്ട
ഗ്രന്ഥവും വേണ്ട
അവനവന്‍ മാത്രം മതി"
അഴുക്ക് ചാലില്‍ നിന്നും
ദൈവവിലാപങ്ങള്‍ ഉയര്‍ന്നു
ആംബുലന്‍സിന്‍ന്‍റെ നിലവിളിക്കു അന്നും
പഴയശബ്ദം തന്നെയായിയിരുന്നു
പൊള്ളലേറ്റ് അതിനുള്ളില്‍
മരണത്തിനും ജീവിതത്തിനും ഇടയില്‍
പെന്‍ഡുലം പോലെ ചലിച്ച ജീവന്‍റെ
ലിംഗം കണ്ടു അത്യാഹിത വിഭാഗക്കാര്‍
അഡ്മിഷന്‍ ഷീറ്റില്‍ പേരെഴുതി
ഇത് മുഹമ്മദ്‌... ഇത് കൃഷ്ണന്‍....!
അപ്പോഴും അഴുക്ക് ചാലില്‍ ദൈവങ്ങള്‍
ഇനിയുമൊരു മതഗ്രന്ഥത്തിനുള്ള സാധ്യത
തിരയുകയായിരുന്നു




1 comment:

  1. പൊള്ളുന്ന സത്യങ്ങള്‍

    ReplyDelete