Tuesday, 19 January 2010

സങ്കീര്‍ത്തനംപോലെ ഈ പ്രണയം.........

ഏയ്‌ നിളാ,
ഇതെഴുതുമ്പോള്‍ ഇവിടെ മഞ്ഞു പെയ്യുകയാണ്.
എന്‍റെ മനസ്സിലെ ആദ്യ പ്രണയം നിലാവായി പെയ്തിറങ്ങുകയാണ്.
ഈ മഞ്ഞിലൂടെ എന്നോടൊപ്പം നടക്കുവാന്‍ നീ കൂടി ഉണ്ടായിരുന്നുവെങ്കില്‍... !
വെള്ളാരം കല്ലുകളെ പൊന്നിന്‍റെ പട്ടണിയിക്കുന്ന നിലാവിലലിഞ്ഞു,
നിഷ്കളങ്കമായ ഈ നീല രാത്രിയില്‍ ഒരു നേര്‍ത്ത തെന്നല്‍ എന്നെ തലോടി മാഞ്ഞു പോയി.
ആ കുളിര്‍ തെന്നലില്‍ നിന്‍റെ വിരല്‍ സ്പര്‍ശമുണ്ടായിരുന്നുവോ...?

നിന്നെ ആദ്യമായി കണ്ടത് എവിടെ വച്ചെന്ന് ഇപ്പോഴും ഞാന്‍ കൃത്യമായി ഓര്‍ക്കുന്നു.
"കലാലയത്തിന്‍റെ ഓഫീസ് മുറിക്കുള്ളില്‍ വച്ചായിരുന്നില്ലേ അത്.."
അന്ന് നിന്‍റെ കണ്ണുകളില്‍ ഞാന്‍ കണ്ട തിളക്കം, ഭാഷയില്ലാതെ എന്നോട് സംസാരിച്ച ആ കണ്ണുകള്‍
അതെന്‍റെ ഹൃദയത്തില്‍ സ്നേഹത്തിന്‍റെ ചിരാതുകളില്‍ നെയ്ത്തിരി ദീപമായി പൂത്തിറങ്ങി.
ഒരു റോസാ ദലത്തില്‍ ഞാന്‍ നിന്‍റെ നിര്‍മലമായ മുഖം കണ്ടു.
അതിലെ മഞ്ഞു തുള്ളിയില്‍ ആര്‍ദ്രമായ നിന്‍റെ മനസ്സും.
"മുടിയഴിച്ചിട്ട് കരയുന്ന പാതിരാ മഴയില്‍" നീ ഉണ്ടായിരുന്നു.
നിലാവുള്ള രാത്രികളില്‍, നീല താരകങ്ങളില്‍, ചന്ദ്രനില്‍, മഞ്ഞില്‍, മഴയില്‍
ഒക്കെയും നീയായിരുന്നു... ഈ പകലിലും അങ്ങനെ തന്നെ.
എന്‍റെ കണ്ണുകളില്‍ കാഴ്ച്ചയുടെ പകല്‍ വെളിച്ചമായി നിറഞ്ഞിരിക്കുന്നതും നീ തന്നെ....
സ്നേഹത്തിന്‍റെ തീക്ഷ്ണതയില്‍ ഞാന്‍ എന്നെ തന്നെ മറന്നു പോകുന്നു.
നിന്നെ നോക്കിയിരിക്കുമ്പോള്‍ നിന്‍റെ കണ്ണുകളില്‍ ഞാന്‍ എന്നെ തന്നെ കാണുന്നു.
എന്‍റെ പ്രതിബിംബത്തെ നിറച്ച നിന്‍റെ കണ്ണുകള്‍ നീല തടാകങ്ങള്‍ തന്നെ....
നിന്നോടുള്ള പ്രണയം വാക്കുകളാല്‍ പകര്‍ന്നു തരാന്‍ കഴിയാതെ വരുമ്പോള്‍
അതെന്‍റെ കണ്ണില്‍ കവിതയായി പുനര്‍ജനിക്കുന്നത് നീ കണ്ടിരുന്നില്ലേ...?
നിന്റെ സാമീപ്യമുള്ള നാഴികകള്‍ എനിക്ക് നിമിഷങ്ങള്‍ ആയിരുന്നു -
'സുഖത്തിന്‍റെ കുളിരുള്ള നിമിഷങ്ങള്‍'.
ഒരു ദിവസം നിന്നെയൊന്നു കണ്ടില്ലെങ്കില്‍, നിന്നോടൊന്നു മിണ്ടുവാനോ നിന്‍റെ ശബ്ദമൊന്നു കേള്ക്കുവാനോ ആയില്ലെങ്കില്‍
എനിക്ക് എന്തൊക്കെയോ നഷ്ടപ്പെടുന്ന പോലെ ആയിരുന്നു. 'നേടിയെടുക്കേണ്ടവ അകന്നു പോകുന്ന പോലെ, ചേര്‍ത്ത് പിടിച്ചു ഹൃദയ ഭിത്തിയോട് ചേര്‍ന്ന് പോയത് പറിഞ്ഞു ചോരവാര്‍ന്നൊലിച്ചു പോകുന്ന പോലെയൊക്കെയായിരുന്നു.
എന്‍റെ ഹൃദയത്തില്‍ തെളിഞ്ഞ സ്നേഹ രേഖ നീയായിരുന്നു
ഒരു പക്ഷെ എന്‍റെ മനസ്സില്‍ തെളിഞ്ഞ 'സ്വപ്ന രേഖയും'.
കലാലയത്തിന്റെ ക്ലാസ് മുറികള്‍ക്കുള്ളില്‍ നിന്‍റെ വിടര്‍ന്ന കണ്ണുകളും നേര്‍ത്ത പുഞ്ചിരിയും
നീ എനിക്ക് വേണ്ടിയായിരുന്നുവോ സൂക്ഷിച്ചിരുന്നത്...?
അങ്ങ് ദൂരെ അംബരചുംബികളായ ശൈല തലപ്പുകളില്‍ മഞ്ഞുരുകി തുടങ്ങിയിരിക്കുന്നു.
അലിഞ്ഞില്ലണ്ടാകുന്ന ഈ ശൈത്ത്യതിനൊടുവില്‍ എന്നിലെ പ്രതീക്ഷകള്‍ നിന്നിലെ സ്വപ്നമായെന്നു ഞാന്‍ വിശ്വസിക്കട്ടെ.
വിതുമ്പി നില്‍കുന്ന എന്‍റെ മനസാക്ഷിയെ (ജീവിതത്തിന്‍റെ) സ്നേഹം കൊണ്ട് നിറക്കുവാന്‍, അതിലേക്കെത്തുവാന്‍
നീ യാതനകളുടെ കല്‍പടവുകള്‍ തീര്‍ക്കണമെന്നില്ല...
മറിച്ച്‌ ഒരേ ഒരു വാക്ക് മാത്രം പറയുമോ നീ - എന്നെ ഇഷ്ടമാണെന്ന്..
പ്രണയത്തിന്‍റെ രാജീവ പുഷ്പങ്ങള്‍ ഇതള്‍ വിരിയുന്ന,
വന ജ്യോത്സ്നകള്‍ പുഞ്ചിരിക്കുന്ന, ആകാശ നീലിമയില്‍ കിന്നര കന്യകള്‍ നക്ഷത്രങ്ങല്‍ക്കൊപ്പം മിഴി ചിമ്മുന്ന
അംബര ചുംബികളായ വെള്ളപ്പട്ടു പുതച്ച ശൈല ശ്രിംഗങ്ങള്‍ അലിഞ്ഞു മുത്തുകളായി പൊഴിയുന്ന,
ആമ്പല്‍ പൂവുകള്‍ നിലാവ് കൈ നീട്ടി വാരി പുണരുന്നതിന്‍റെ ഉന്മാദ ലഹരിയില്‍ ചാഞ്ചാടി നില്‍ക്കുന്ന,
ഈ കുളിര്‍ രാത്രിയില്‍ ഞാന്‍ നിന്റെ മനസ് കവരുന്നു.....
സങ്കീര്‍ത്തനം പോലെയുള്ള എന്റെയീ പ്രണയം അത് നിനക്കായി ഞാന്‍ തരികയാണ്...
നിന്റെ അനുവാദത്തിനു കാത്തു നില്‍കാതെ നിന്നെ പ്രണയിച്ചു പോയ ഞാന്‍
വിവേകത്തിനിടകൊടുക്കാതെ വികാരങ്ങള്‍ക്ക് അടിമയായി നിന്ന എന്റെ മനസിനെ മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തി
അവസാനമായി ഇത് കൂടി പറയട്ടെ.....
എന്റെ ഏട്ടന്‍ കൂട്ടുകാരിലൊരാള്‍ പലപ്പോഴും പറഞ്ഞിരുന്ന പോലെ,
"കണ്ണുകള്‍ക്ക്‌ കാഴ്ച്ചയില്ലായിരുന്നുവെങ്കില്‍ നിന്നെ കാണാതിരിക്കാമായിരുന്നു
നോവുകള്‍ സ്വയം പെയ്തൊഴിഞ്ഞു പോയിരുന്നുവെങ്കില്‍ ഹൃദയ നൊമ്പരങ്ങളില്‍
സാന്ത്വനമായി നിന്നെ തേടാതിരിക്കാമായിരുന്നു. മനസ്സില്‍ നിറങ്ങള്‍ ഉത്സവമല്‍സരത്തിലായിരുന്നുവെങ്കില്‍
നിന്നിലെ ചാരുത വേണ്ടെന്നു വക്കാമായിരുന്നു.
അനുഭവങ്ങള്‍ ദയരഹിതമായി ആവര്‍ത്തിക്കപ്പെടുമ്പോള്‍ അറിയാതെ നിന്നെ മോഹിച്ചു പോയതിനെ
സ്നേഹമെന്നാണോ വിളിക്കേണ്ടത്....?
നഷ്ടപ്പെടുന്നത് മുഴുവന്‍ മുത്തായി കരുതി വച്ച് കിനാവുകളാവുംപോള്‍
ഒറ്റപ്പെട്ടുപോകുന്ന മനസ്സ് നിന്നെ കൂട്ടായി നിനക്കുന്നത് പ്രണയമെന്നാണോ പറയുക...? അങ്ങനെയെങ്കില്‍,
ഇഷ്ടത്തെ മുഴുവന്‍ ദുഃഖം കോര്‍ത്ത ചരടുകള്‍ കൊണ്ട് വരിഞ്ഞു കെട്ടി നെഞ്ചിലെ കനലിലിട്ടു പെരുപ്പിച്ചു പൊഴിക്കുന്ന
കണ്ണ് നീര്‍ത്തുള്ളികള്‍ കൊണ്ട് ക്ഷമ ചോദിക്കുന്നു.....
എന്റെയീ ഇഷ്ടവും നിന്റെ ശരികളുടെ ഭൂതക്കണ്ണാടിയിലൂടെ നോക്കി സ്വന്തം ഇഷ്ടംപോലെ ഒരു താരാട്ടായി ഉണര്‍ത്തുകയോ
ഒരു തേങ്ങലായി അവസാനിപ്പിക്കുകയോ ആവാം.
ഒന്നുമാത്രമെനിക്കറിയാം.... ആ തേങ്ങല്‍ എന്റെ ജീവിതത്തിന്‍റെ പൂര്‍ണ വിരാമാമായിരിക്കുമെന്നു. ....

ഹൃദയത്തിന്‍റെ കയ്യൊപ്പ് പതിച്ച ഇഷ്ടത്തോടെ,
നിരഞ്ജന്‍....
നിഴലുകളുടെ കൂട്ടുകാരന്‍.

3 comments:

  1. valare nannayitund.pranayam anna bhavathe manoharamaya bhashayil azhuthiyitund.pinne ethavana subhash marichupoyavare koottu pidikathathu kondu munbu cheytha postukalil ninnum valare vyathyasthamayi,oru nostalgic feelings unarthunna oru post anithu. keep on writting.

    ReplyDelete
  2. പ്രണയം നൊമ്പരമായും കുളിരായും സന്തോഷമായുമൊക്കെ വിവരിച്ചിരിക്കുന്നത്‌ വളരെ ഹൃദയസ്‌പര്‍ശിയായിട്ടുണ്ട്‌. മുന്നത്തെ പോസ്‌റ്റുകളെക്കാലും ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒരു നോവ്‌..... ഇതില്‍ ഒളിഞ്ഞിരിക്കുന്നു. പ്രത്യേകിച്ചും" കണ്ണുകള്‍ക്ക്‌ കാഴ്‌ചയില്ലായിരുന്നുവെങ്കില്‍ നിന്നെ കാണാതിരിക്കാമായിരുന്നു ........ ഈ വരികള്‍ മുതല്‍ അവസാനം വരെ ഹൃദയത്തിന്റെ ഓര്‍മ്മച്ചെപ്പില്‍ മുത്തുകള്‍ ചേര്‍ത്ത്‌ കോര്‍ത്തിട്ട മാലപോലെ സുന്ദരം സഖേ വളരെ നന്നായിട്ടുണ്ട്‌. ഇങ്ങനെയല്ല ഇതില്‍ കൂടുതല്‍ എഴുതണമെന്നുണ്ട്‌. പക്ഷേ നീലിക്ക്‌ വാക്കുകള്‍ കിട്ടുന്നില്ല. ഇനിയും ഇതുപോലുള്ള നല്ല നല്ല രചനകള്‍ ഉണ്ടാവട്ടെ.

    ReplyDelete
  3. Ninnodu asooya......ennalum parayatte...manoharam.

    ReplyDelete